സഭാ തീരുമാനത്തെ എതിർത്ത വൈദികനെ കുറ്റവിചാരണ ചെയ്യാൻ മതകോടതി

തിരുവനന്തപുരം: സഭാ തീരുമാനത്തെ എതിർത്ത വൈദികനെ കുറ്റവിചാരണ ചെയ്യാൻ താമരശേരി രൂപത മതകോടതി രൂപീകരിച്ചു. ഫാദർ അജി പുതിയപറമ്പിലിന് എതിരായ നടപടികൾക്കാണ് സഭാകോടതി രൂപീകരിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് രൂപത പുറത്തിറക്കി.

സ്വഭാവിക നടപടിയാണിതെന്നാണ് ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയൽ വ്യക്തമാക്കിയത്. സഭയുടേത് വിചിത്രമായ തീരുമാനമെന്നാണ് നടപടി നേരിടുന്ന വൈദികന്റെ പ്രതികരണം. സ്ഥലംമാറ്റ ഉത്തരവ് അംഗീകരിച്ചില്ല, സിനഡ് തീരുമാനങ്ങൾക്കെതിരെ പ്രവർത്തിച്ചു തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് ഫാദർ അജി പുതിയപറമ്പിലിനെ വിചാരണ ചെയ്യാൻ താമരശേരി രൂപത തീരുമാനിച്ചത്.

കാനോൻ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതായി അറിയിച്ച് ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയൽ ആണ് ഉത്തരവ് പുറത്തിറക്കിയത്. ഫാ. ജോർജ് മുണ്ടനാട്ടാണ് വിചാരണക്കോടതി അധ്യക്ഷൻ. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് വിചാരണ കോടതി സ്ഥാപിച്ചതെന്ന് താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയൽ വ്യക്തമാക്കി.