മഹാദേവ് ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ രൺബീർ കപൂറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഒക്ടോബർ 6 ന് ഇഡിക്ക് മുൻപായി ഹാജരാകാനാണ് നിർദേശം. മഹാദേവ് ഓൺലൈനിന്റെ വാതുവെപ്പ് കേസിൽ രൺബീറിനെ കൂടാതെ നിരവധി ബോളിവുഡ് താരങ്ങളും ഗായകരും അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ്.
ഫെബ്രുവരിയിൽ യുഎഇയിൽ നടന്ന മഹാദേവ് ആപ്പ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹത്തിലും വിജയാഘോഷത്തിലും താരം പങ്കെടുത്തതിനെക്കുറിച്ചും ഇ ഡി അന്വേഷിക്കുന്നുണ്ട്. 112 കോടി രൂപ ഹവാല വഴി ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് എത്തിച്ചതായാണ് ഇ ഡി ശേഖരിച്ച തെളിവുകളിൽ പറയുന്നത്.
ടൈഗർ ഷ്രോഫ്, സണ്ണി ലിയോണി, നേഹ കക്കർ, അതിഫ് അസ്ലം, രഹത് ഫത്തേ അലി ഖാൻ, അലി അസ്ഗർ, വിശാൽ ദദ്ലാനി, എല്ലി അവ്റാം, ഭാരതി സിംഗ്, ഭാഗ്യശ്രീ, കൃതി ഖർബന്ദ, നുഷ്രത്ത് ഭരുച്ച, കൃഷ്ണ അഭിഷേക്, സുഖ്വീന്ദർ സിംഗ് എന്നിവരാണ് ഏജൻസിയുടെ നിരീക്ഷണത്തിലുള്ള മറ്റ് താരങ്ങൾ.
കാർഡ് ഗെയിമുകൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, ടെന്നീസ് ഫുട്ബോൾ തുടങ്ങിയ ലൈവ് ഗെയിമുകളിൽ അനധികൃത വാതുവയ്പ്പ് നടത്തുന്നതിനുള്ള പ്ലാറ്റ്ഫോം ആണ് മഹാദേവ് ഓൺലൈൻ ബുക്കിങ് അപ്ലിക്കേഷൻ.

