ന്യൂസ് ക്ലിക്ക് ഓൺലൈനിന്റെ എഡിറ്റർ ഇൻ ചീഫിനെയും നിക്ഷേപകനെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നതു ഫാഷിസ്റ്റ് രീതിയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ ചൂണ്ടിക്കാട്ടി.
മാധ്യമങ്ങൾക്കു നിർഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാർത്താശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അത് ഉറപ്പു വരുത്താനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന ‘ന്യൂസ് ക്ലിക്ക്’ ഓൺലൈൻ മാധ്യമസ്ഥാപനത്തിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥ, സ്ഥാപനത്തിലെ നിക്ഷേപകനും എച്ച്ആർ മേധാവിയുമായ അമിത് ചക്രവർത്തി എന്നിവരെയാണു ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവരെ 7 ദിവസം പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു.
ന്യൂസ് ക്ലിക്കിന്റെ ഓഫിസിലും ഇവരുമായി സഹകരിക്കുന്ന മാധ്യമപ്രവർത്തകരുടെ ഉൾപ്പെടെ വസതികളിലും പൊലീസ് സ്പെഷൽ സെൽ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് ചോദ്യംചെയ്യലിനു വിളിച്ചു വരുത്തിയ ശേഷമാണു അറസ്റ്റ് രേഖപ്പെടുത്തിയത്. 46 കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ, ലാപ്ടോപ് ഉൾപ്പെടെയുള്ളവ പിടിച്ചെടുക്കുകയും ന്യൂസ് ക്ലിക്ക് ഓഫിസ് സീൽ ചെയ്യുകയും ഉണ്ടായി.

