അനധികൃത വിദേശ ഫണ്ടിങ്; ന്യൂസ് ക്ലിക്ക് സ്ഥാപകൻ അറസ്റ്റിൽ

ന്യൂഡൽഹി: ന്യൂസ് ക്ലിക്ക് ഓൺലൈൻ പോർട്ടൽ സ്ഥാപകനും മാധ്യമപ്രവർത്തകനുമായ പ്രബീർ പുർകായസ്തയെ അറസ്റ്റ് ചെയ്തു. വാർത്ത പോർട്ടലിന്റെ എച്ച്ആർ ഹെഡ് അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അനധികൃത വിദേശ ഫണ്ടിങ് ഉൾപ്പെടെയുള്ള കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

കേസുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്കിന്റെ വിവിധ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും ഡൽഹി പോലീസ് പരിശോധന നടന്നിരുന്നു. കേസിൽ പ്രബീർ പുർകായസ്തയെ മണിക്കൂറുകളോളം നേരം പോലീസ് ചോദ്യം ചെയ്തിരുന്നു.

ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത, മാധ്യമപ്രവർത്തകരായ അഭിസാർ ശർമ, ഭാഷാസിങ്, ഊർമിളേഷ് എന്നിവരുടെ വസതികളിലും എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി, ഡൽഹി സയൻസ് ഫോറത്തിലെ ഡോക്ടർ രഘുനന്ദന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. ഡൽഹി, നോയ്ഡ, ഗസ്സിയാബാദ് അടക്കം 30 ഇടങ്ങളിലാണ് ഡൽഹി പൊലീസ് പരിശോധന നടത്തിയത്. ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദ്, മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്‌ജോയ് ഗുഹ താകുർത്ത എന്നിവരുടെ വീടുകളും റെയ്ഡ് നടന്നു. മുംബൈയിൽ താമസിക്കുന്ന ടീസ്റ്റയെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

അതേസമയം, വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആർ.എ) ലംഘിച്ച് വിദേശ ധനസഹായം കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി ന്യൂസ് ക്ലിക്കിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇത്തരം പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നാണ് ഇഡി ആരോപിച്ചിരുന്നത്. ന്യൂസ് പോർട്ടലുമായി ബന്ധപ്പെട്ട ചില ആസ്തികൾ ഇഡി കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.