സീതാറാം യെച്ചൂരിയുടെ വസതിയിൽ റെയ്ഡ്

ന്യൂഡൽഹി: സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിൽ റെയ്ഡ് നടത്തി ഡൽഹി പൊലീസ്. യെച്ചൂരിക്ക് സർക്കാർ നൽകിയ ഡൽഹിയിലെ വസതിയിലാണ് റെയ്ഡ് നടന്നത്. യെച്ചൂരി താമസിക്കുന്നത് ഇവിടെയല്ല. ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലിന്റെ പ്രതിനിധി താമസിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് യെച്ചൂരിയുടെ വസതിയിൽ പരിശോധന നടത്തിയത്. സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഇമെയിലുകളും പരിശോധിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

ഭീകരബന്ധം ആരോപിച്ച് യു.എ.പി.എ കേസിൽ ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലുമായി ബന്ധമുള്ള മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളിൽ ഡൽഹി പൊലീസിന്റെ റെയ്ഡ് നടത്തുന്നുണ്ട്. ഡൽഹി, നോയ്ഡ, ഗസ്സിയാബാദ് ഉൾപ്പെടെ 30 സ്ഥലങ്ങളിൽ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ വ്യാപക പരിശോധന നടത്തുന്നുണ്ട്. ചൈനയിൽ നിന്ന് ഫണ്ട് വാങ്ങിയെന്ന് ആരോപണത്തെ തുടർന്നാണ് ഓൺലൈൻ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ ചുമത്തി അന്വേഷണം നടത്തുന്നത്.

നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഈ ഓൺലൈൻ പോർട്ടലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ന്യൂസ് പോർട്ടലുമായി ബന്ധപ്പെട്ട ചില ആസ്തികൾ ഇഡി കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.