പിടിയിലായ ഐഎസ് ഭീകരൻ കേരളത്തിലുമെത്തിയിരുന്നു; ഡൽഹി പോലീസ്

ന്യൂഡൽഹി: ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഷാനവാസ് കേരളത്തിലുമെത്തിയിരുന്നതായാണ് ഡൽഹി പോലീസ് വ്യക്തമാക്കുന്നത്.

ഇയാൾ വനമേഖലയിൽ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടുകിട്ടിയതായും ഡൽഹി സ്പെഷ്യൽ സെൽ അറിയിച്ചു. ആളൊഴിഞ്ഞ കൃഷിഭൂമി, വനപ്രദേശം എന്നിവിടങ്ങളിൽ കുക്കർ, ഗ്യാസ് സിലിണ്ടർ, ഐഇഡി എന്നിവ ഉപയോഗിച്ച് സ്ഫോടനം നടത്തി പരിശീലനം നടത്തിയതായും ഡൽഹി പോലീസ് സ്പെഷൽ സെൽ വൃത്തങ്ങൾ വിശദീകരിച്ചു.

കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ഷെഹനാസ് എന്ന ഷാഫി ഉസ്മാൻ അറസ്റ്റിലായത്. എൻഐഎ തലയ്ക്ക് വിലയിട്ട ഐ എസ് ഭീകരനാണ് ഇയാൾ. പൂനെ ഐ എസ് കേസുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഇയാളെ അറസ്റ്റ് ചെയ്തത്. ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ ഇയാൾ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടിരുന്നുവെന്നും സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള സാധനങ്ങളും പിടികൂടിയെന്നും ഡൽഹി പോലീസ് വ്യക്തമാക്കി.