നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേരിടണം; ആവശ്യവുമായി ശശി തരൂർ

തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ കരുണാകരന്റെ പേരിടണമെന്ന ആവശ്യവുമായി ശശി തരൂർ എം പി. കെപിസിസി ആസ്ഥാനത്തു നടന്ന കരുണാകരൻ സെന്റർ മന്ദിര നിർമാണ പ്രവർത്തന ഫണ്ട് പിരിവിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളം യാഥാർഥ്യമാക്കിയത് കെ കരുണാകരനാണ്. അദ്ദേഹത്തിന്റെ ശ്രമമില്ലാതെ ഒരിക്കലും നെടുമ്പാശ്ശേരി വിമാനത്താളം സംഭവിക്കില്ലായിരുന്നുവെന്ന് തരൂർ അഭിപ്രായപ്പെട്ടു. വ്യക്തികളുടെ പേരിലാണ് രാജ്യത്തെ 80 ശതമാനം വിമാനത്താവളങ്ങളും അറിയപ്പെടുന്നത്. അതുകൊണ്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേരിടുന്നതിൽ മടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാരിനെ ശശി തരൂർ വിമർശിക്കുകയും ചെയ്തു. നിലവിൽ സംസ്ഥാനം ഭരിക്കുന്നവർ വിമാനത്താവളത്തെ എതിർത്തവരാണ്. അവരിപ്പോൾ അതിൽ സഞ്ചരിച്ച് ആസ്വദിക്കുന്നുണ്ടെന്ന് തരൂർ ചൂണ്ടിക്കാട്ടി.