ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ. കാനഡ ഇക്കാര്യം ആവശ്യപ്പെട്ടത് ഇന്ത്യയുമായുള്ള അനൗദ്യോഗിക ചർച്ചകളിലാണ്. എന്നാൽ മതിയായ തെളിവില്ലാതെ ഈ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ.
കാനഡയിലെ തീവ്ര ഗ്രൂപ്പുകൾക്കിടയിലെ കുടിപ്പകയാണ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിനിടയാക്കിയതെന്നാണ് ഇന്ത്യൻ ഏജൻസികൾക്ക് ലഭിച്ച വിവരം. നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പങ്കിന് ഇലക്ട്രോണിക് തെളിവുണ്ടെന്ന് ആവർത്തിക്കുകയാണ് കാനഡ. ഈ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന ആവശ്യമാണ് കാനഡ മുന്നോട്ടുവെച്ചിരിക്കുന്നത്.
ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ എന്തെങ്കിലും തരത്തിലുള്ള തെളിവ് കാനഡ കൈമാറിയിട്ടില്ലെന്നാണ് ഇന്ത്യ പറയുന്നത്.

