തിരുവനന്തപുരം: മുൻമന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിൽ പ്രതിഷേധവുമായി നിക്ഷേപകർ. തിരുവനന്തപുരം ജില്ലാ അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവരാണ് പ്രതിഷേധം നടത്തുന്നത്.
കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. 13 കോടി രൂപ 300 നിക്ഷേപകർക്കായി നഷ്ടമുണ്ടായെന്നാണ് പരാതി. ശിവകുമാറിന്റെ ബെനാമിയായ രാജേന്ദ്രനാണ് ബാങ്കിന്റെ പ്രസിഡന്റെന്നാണ് നിക്ഷേപകരുടെ ആരോപണം.
ശിവകുമാറാണ് സൊസൈറ്റി ഉദ്ഘാടനം നിർവ്വഹിച്ചത്. നിക്ഷേപത്തിന് രണ്ടുവർഷമായി പലിശ പോലും ലഭിക്കുന്നില്ലെന്നാണ് നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നത്. സൊസൈറ്റിയുടെ പ്രസിഡന്റ് പണം മുഴുവൻ പിൻവലിച്ചുവെന്നും ഇവർ പരാതിപ്പെടുന്നു. മൂന്ന് ശാഖകളാണ് ബാങ്കിന് ഉണ്ടായിരുന്നത്. ഇതിൽ കിള്ളിപ്പാലത്തെ പ്രധാനശാഖ വാടക നൽകാത്തതിനെ കൊണ്ട് അടച്ചുപൂട്ടി. സംഭവത്തിൽ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പരാതി നൽകുമെന്നാണ് നിക്ഷേപകർ അറിയിച്ചിട്ടുള്ളത്. അതേസമയം, നിക്ഷേപകരുടെ പരാതിയിൽ അന്വേഷണം വേണമെന്ന് ശിവകുമാർ വ്യക്തമാക്കി.

