തിരുവനന്തപുരം: വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ വില അടുത്തയാഴ്ച കൂടും. വെയർഹൗസ്, ഷോപ്പ് മാർജിനുകൾ വർദ്ധിപ്പിക്കാൻ ബെവ്‌കോ തീരുമാനിച്ചതോടെയാണ് വില വർദ്ധിക്കുന്നത്. ഒക്ടോബർ മൂന്ന് മുതലായിരിക്കും വിലവർദ്ധന പ്രാബല്യത്തിൽ വരിക. പ്രതിവർഷം 15 കോടിയുടെ അധികവരുമാനം ഇതിലൂടെ ബെവ്‌കോയ്ക്ക് ലഭിക്കും.
വെയർഹൗസ് മാർജിൻ 5 ശതമാനത്തിൽ നിന്ന് 14 ശതമാനമായും ഷോപ്പ് മാർജിൻ മൂന്നിൽ നിന്ന് 6 ശതമാനമായുമാണ് ഉയർത്തിയത്. വിദേശ നിർമ്മിത വൈനിന്റെ വെയർ ഹൗസ് മാർജിൻ 2.5 ൽ നിന്ന് 9 ശതമാനമാക്കി. എന്നാൽ, ഷോപ്പ് മാർജിൻ 5 ആയി നിലനിർത്തുകയും ചെയ്തു.
നിലവിൽ 3050 രൂപയുടെ ടീച്ചേഴ്‌സ് ഹൈലാൻഡ് ക്രീമിന് ഒക്ടോബർ മൂന്ന് മുതൽ 3410 രൂപയായിരിക്കും വില. ഇപ്പോൾ 2030 രൂപ വിലയുള്ള ബ്ലാക്ക് ആൻഡ് വൈറ്റിന് 2270 രൂപയാണ് ഇനി നൽകേണ്ടത്. 2410 രൂപയുള്ള ജോണിവാക്കർ റെഡിന് ഇനി 2680 രൂപ നൽകണം. 2840 രൂപയുള്ള ദ ഗ്‌ളെൻഗറി ഹൈലാൻഡിന് 3170 രൂപയാകും. ഇപ്പോൾ 1790 ഐക്കരസ് പ്രീമിയം ജർമ്മൻ ബ്രാണ്ടിയ്ക്ക് ഇനി നൽകേണ്ടത് 2000 രൂപയാണ്.

