ചെന്നൈ: ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എം എസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം.
1925 ഓഗസ്റ്റ് 7-ന് തമിഴ്നാട്ടിലെ കുംഭകോണത്താണ് അദ്ദേഹം ജനിച്ചത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്. ഡോ. മങ്കൊമ്പ് കെ. സാംബശിവന്റെയും തങ്കത്തിന്റെയും മകനായാണ് ഇദ്ദേഹം ജനിച്ചത്.
ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ജനറ്റിക്ക് ആൻഡ് പ്ളാന്റ് ബ്രീഡിംഗിൽ തുടർപഠനം നടത്തിയതോടെയാണ് ലോകത്തെ അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനായി വളർന്നത്. ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച വ്യക്തിയാണ് അദ്ദേഹം. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്കാരങ്ങൾ നൽകി രാജ്യം അദ്ദേഹം ആദരിച്ചിട്ടുണ്ട്. മൺ മാഗ്സസെ അവാർഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോർലോഗ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും 84 ഓണററി ഡോക്ടറേറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.
കാർഷികപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ അദ്ദേഹം കൃഷി വരുമാനമാർഗ്ഗമാക്കണമെന്നതിലുപരി, അനേകായിരം കുടുംബങ്ങൾക്ക് വരുമാനം നൽകുന്നതരത്തിൽ ഒരു ശാസ്ത്രവും സങ്കേതവുമാക്കാനുള്ള പരിശ്രമങ്ങളാണ് നടത്തിയത്. ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്. കാർഷിക രംഗത്തിന്റെ അതികായനായി.ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് ശ്രീ സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കിയത്. 1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂറു മേനി കൊയ്തു. ഇത് അദ്ദേഹത്തിന് ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്ന വിശേഷണം നേടിക്കൊടുത്തു.

