വീണാ ജോർജ് മന്ത്രി സ്ഥാനത്ത് നിന്നു മാറി നിന്ന് അന്വേഷണം നേരിടണം : വി മുരളീധരൻ

ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഓഫീസിനു നേരെ ഉയർന്നത് ഗുരുതര ആരോപണമെന്ന് വി മുരളീധരൻ. പിണറായി വിജയൻ സർക്കാർ സർവത്ര അഴിമതിയിൽ കുളിച്ച് നിൽക്കുകയാണ്. മന്ത്രി വീണാ ജോർജ് അഴിമതി ആരോപണ വിധേയനെ ന്യായീകരിക്കുന്നു. വീണാ ജോർജ് മന്ത്രി സ്ഥാനത്ത് നിന്നു മാറി നിന്ന് അന്വേഷണം നേരിടണമെന്നും മുരളീധരൻ പറഞ്ഞു.പരാതിക്കാരൻ ആവർത്തിച്ച് പറയുന്നു അഖിൽ മാത്യുവിന് പണം നൽകിയെന്ന്. പരാതിയെ തുടർന്ന് അന്വേഷണം നടക്കുന്നതിന് മുൻപ് ആരോപണ വിധേയന ന്യായീകരിക്കാൻ കഴിയുന്നത് എങ്ങനെയാണെന്നും മുരളീധരൻ ചോദിച്ചു.

അതേസമയം, പണം നൽകിയത് ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന് തന്നെയെന്ന് പരാതിക്കാരൻ ഹരിദാസൻ സ്ഥിരീകരിച്ചു. അഖിൽ മാത്യുവിന്റെ ഫോട്ടോ കണ്ട ഹരിദാസൻ ഇയാളെ തിരിച്ചറിയുകയായിരുന്നു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവും ഇടനിലക്കാരനായ അഖിൽ സജീവും ചേർന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയുമായാണ് മലപ്പുറം സ്വദേശിയായ ഹരിദാസന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ഹരിദാസന്റെ മകന്റെ ഭാര്യയ്ക്ക് ആയുഷ് മിഷന് കീഴിൽ ഹോമിയോ മെഡിക്കൽ ഓഫീസറായി ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.