തിരുവനന്തപുരം: സ്‌നേഹത്തിന്റെയും മാനവിക ഐക്യത്തിന്റെയും ശബ്ദമാണ് കേരളത്തിൽ ആരാധനാലയങ്ങളിൽ നിന്നും ഉയരുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആഴിമല ശിവക്ഷേത്ര തീർത്ഥാടന ടൂറിസത്തിന്റെയും അടിസ്ഥാന വികസന പദ്ധതിയുടെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
തീരദേശ മേഖലയിൽ ബീച്ച് ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നമെന്ന് അദ്ദേഹം പറഞ്ഞു. ആഴിമല ബീച്ചിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ ആഴിമല കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോവളത്തിന്റെ മുഖച്ഛായ മാറ്റാൻ ടൂറിസം വകുപ്പ് 96 കോടി രൂപ ചെലവഴിക്കുന്ന മാസ്റ്റർ പദ്ധതിയിൽ ആഴിമലയ്ക്കടുത്തുള്ള അടിമലത്തുറ ബീച്ചും ഉൾപ്പെടുത്തിയിട്ടുണ്ട്. വാട്ടർ സ്‌പോർട്‌സ്, സാഹസിക വിനോദ സഞ്ചാര സാധ്യതകൾ എന്നിവയുടെ സാധ്യതാ പഠനങ്ങൾ നടന്നു വരികയാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.