നബിദിന പരിപാടികൾ; നിപ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം

കോഴിക്കോട്: നബിദിന പരിപാടികൾക്ക് നിപ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം. മുസ്ലീംലീഗാണ് കളക്ടർക്ക് നിവേദനം നൽകിയത്.

ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ റസാഖും ജനറൽ സെക്രട്ടറി ടി ടി ഇസ്മായിലുമാണ് കളക്ടർക്ക് നിവേദനം സമർപ്പിച്ചത്. എം.കെ രാഘവൻ എം.പിയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. നിപ ഭീതി പൂർണമായും ഒഴിവാവുകയും, കണ്ടൈൻമെന്റ് സോണുകൾ പൂർണമായി നീക്കം ചെയ്യുകയും, സ്‌കൂളുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളെല്ലാം പതിവുപോലെ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ നബിദിന പരിപാടികൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് മുസ്ലിംലീഗ് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ പല പ്രദേശങ്ങളിലും നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട അവ്യക്തത നിലനിൽക്കുന്നുണ്ടെന്നും ജനങ്ങളുടെ ആശങ്കയിലും പ്രയാസത്തിലും അടിയന്തിരമായി ഇടപെട്ട് നിയന്ത്രണങ്ങളോട് കൂടിയെങ്കിലും നബിദിന റാലി ഉൾപ്പടെയുള്ള പരിപാടികൾക്ക് അനുമതി നൽകണമെന്നും കളക്ടറോട് ലീഗ് ആവശ്യപ്പെട്ടു.