ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റിലും യുഡിഎഫ് വിജയിക്കാനുളള എല്ലാ രാഷ്ട്രീയ സാഹചര്യവുമുണ്ടെന്ന് കോൺഗ്രസ് എംപിയും കെപിസിസി വർക്കിങ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷ്. രണ്ടാം പിണറായി സർക്കാരിനെ ജനങ്ങൾ വളരെയധികം വെറുക്കപ്പെട്ടിരിക്കുന്നു. ഇതിന് ഉദാഹരണമാണ് പുതുപ്പളളിയും തൃക്കാക്കരയും. ഇനി ജനസദസ്സല്ല എന്ത് സദസ് നടത്തിയാലും ജനങ്ങൾക്ക് മുമ്പിൽ വികൃതമായിരിക്കുന്ന ഈ സർക്കാരിന്റെ മുഖം മിനുക്കാൻ ഒരു തരത്തിലും സാധ്യമല്ല. മുഖ്യമന്ത്രിയും 19 മന്ത്രിമാരും ജനസദസുമായി വന്നാലും ഇത് ജനങ്ങളെ പറ്റിക്കാനുളള ചെപ്പടി വിദ്യയാണെന്ന് അവർക്ക് മനസ്സിലാക്കാൻ വലിയ വിഷമമൊന്നുമില്ല. യുഡിഎഫ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
പുതുപ്പളളി തിരഞ്ഞെടുപ്പ് ഈ സർക്കാരിന്റെ വിലയിരുത്തലായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കും. പാർട്ടി തീരുമാനിക്കുന്ന ഏത് തീരുമാനത്തോടും യോജിക്കും. പാർട്ടി എന്താണോ പറയുന്നത് അത് അനുസരിച്ച് മുന്നോട്ടു പോകുമെന്നും എംപി വ്യക്തമാക്കി

