മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കും; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

തിരുവനന്തപുരം: മൂന്നാർ മേഖലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ രണ്ടു ദിവസത്തിനകം പുതിയ ടാസ്‌ക് ഫോഴ്സിന് രൂപം നൽകുമെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് ഉത്തരവിറക്കുമെന്ന് സർക്കാർ അറിയിച്ചു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മൂന്നാർ മേഖലയിൽ 310 കയ്യേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിൽ 70 കേസുകളിലാണ് അപ്പീൽ നിലവിലുള്ളതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ അപ്പീലുകളിൽ കളക്ടർ തീരുമാനമെടുക്കും. ശേഷിച്ച കേസുകളിൽ കയ്യേറ്റങ്ങൾ സമയബന്ധിതമായി ഒഴിപ്പിക്കുകയാണ് ടാസ്‌ക് ഫോഴ്സിന്റെ ചുമതലയെന്നും സർക്കാർ വ്യക്തമാക്കി.

ഒരു സെന്റിൽ താഴെ മാത്രമാണ് വീട് നിർമിക്കാൻ ഭൂമി കയ്യേറിയിട്ടുള്ളതെങ്കിൽ അതിനു പട്ടയം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും സർക്കാർ വിശദീകരിച്ചിട്ടുണ്ട്.