വീണാ വിജയന്റെ കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാട്; പരാതി നൽകി ഷോൺ ജോർജ്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് പരാതി നൽകിയെന്നാണ് അദ്ദേഹം അറിയിച്ചത്.

പൂഞ്ഞാൽ മുൻ എംഎൽഎയും മുൻ ചീഫ് വിപ്പുമായിരുന്ന പിസി ജോർജ്ജിന്റെ മകനാണ് ഷോൺ ജോർജ്ജ്. സിഎംആർഎല്ലും വീണാ വിജയന്റെ കമ്പനിയും തമ്മിലുള്ള ഇടപാടുകൾ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷിക്കണമെന്ന് നേരത്തെ തന്നെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നുവെന്ന് ഷോൺ ജോർജ് പറഞ്ഞു.

ഇതിൽ അന്വേഷണം നടക്കാത്തതു കൊണ്ടാണ് താൻ വീണ്ടും പരാതി നൽകിയതെന്നും ഷോൺ ജോർജ് വിശദീകരിച്ചു. 15 ദിവസത്തിനുള്ളിൽ ഏജൻസി അന്വേഷണം തുടങ്ങിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.