മെഡിക്കൽ കോളേജുകളിൽ ഐസിയു-വെന്റിലേറ്റർ നിരക്ക് വർദ്ധിപ്പിക്കില്ല; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ കോളേജുകളിൽ ഐസിയു-വെന്റിലേറ്റർ നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.

നിലവിലെ നിരക്ക് തന്നെ തുടരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിനും വെന്റിലേറ്ററിനുമുള്ള പുതുക്കിയ നിരക്കുകൾ പിൻവലിക്കുമെന്ന് സൂപ്രണ്ട് ഡോ എ നിസാറുദീൻ വ്യക്തമാക്കിയിട്ടുണ്ട്. എപിഎൽ കാർഡ് ഒഴികെയുള്ള എല്ലാവർക്കും ഇവ സൗജന്യമാണ്. കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിലാണ് ഐസിയുവിലെ ഫീസ് ഈടാക്കൽ താൽക്കാലികമായി നിർത്തി വച്ചത്. തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രി ഫീസ് പുനരാംഭിക്കാൻ തീരുമാനിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കപ്പെടുന്ന സാധാരണക്കാരായ രോഗികളിൽ നിന്നും പണം ഈടാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മെഡിക്കൽ കോളേജ് സൂപ്രണ്ട് പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ടു.

വെന്റിലേറ്ററിന് അഞ്ഞൂറു രൂപയും ഐസിയുവിന് ആയിരം രൂപയുമാണ് ഈടാക്കുന്നത്. മഞ്ഞ കാർഡുള്ളവർക്ക് മാത്രമാണ് സൗജന്യം. മഞ്ഞ കാർഡില്ലാത്ത ആയിരങ്ങളാണ് ആശുപത്രിയിലെത്തുന്നതെന്നും ഇവർക്ക് മരുന്ന് വാങ്ങാൻ പോലും പണമില്ലെന്നും പരാതിയിൽ പറയുന്നു. പൊതുപ്രവർത്തകനായ നജീവ് ബഷീർ സമർപ്പിച്ച കേസിലാണ് നടപടി.