കോൺഗ്രസിന്റെ നിലവിലെ നടത്തിപ്പുകാർ ചില അർബൻ നക്സലുകൾ; ആഞ്ഞടിച്ച് പ്രധാനമന്ത്രി

ഭോപ്പാൽ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ നിലവിലെ നടത്തിപ്പുകാർ ചില അർബൻ നക്സലുകളാണെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന്റെ ഇച്ഛാശക്തി ചോർന്നുപോയി. പാർട്ടിയുടെ എല്ലാ കാര്യങ്ങളും കരാർ നൽകിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസിനെ യഥാർഥത്തിൽ നടത്തിക്കൊണ്ടു പോകുന്നത് നേതാക്കളല്ല. താഴെക്കിടയിലുള്ള കോൺഗ്രസിന്റെ നേതാക്കളെല്ലാം വാപൂട്ടി ഒരഭിപ്രായവും പറയാതെ ഇരിക്കുകയാണ്. കോൺഗ്രസ് നശിച്ചു, അന്നവർ കടക്കെണിയിൽ കുടുങ്ങി, ഇന്നവർ തങ്ങളുടെ പാർട്ടികാര്യങ്ങൾ കരാറിന് കൊടുത്തിരിക്കുകയാണ്. മുദ്രാവാക്യം തയ്യാറാക്കുന്നതുമുതൽ നയ രൂപവത്കരണംവരെ പുറത്തുനിന്ന് ആളെക്കൊണ്ടുവന്നാണ് ചെയ്യിക്കുന്നതെന്നും അർബൻ നക്സലുകൾക്കാണ് ഇതിനെല്ലാം കരാർ നൽകിയിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവരാണ് കോൺഗ്രസ് നേതാക്കൾ. അവർക്ക് പാവപ്പെട്ടവരുടെ വീടുകളും കോളനികളും വീഡിയോ ഷൂട്ടിനുള്ള ലൊക്കേഷനുകളാണ്. പാവങ്ങളുടെ ജീവിതം കോൺഗ്രസ് നേതാക്കൾക്ക് സാഹസിക ടൂറിസമാണെന്നും അദ്ദേഹം വിമർശിച്ചു.

ബിജെപി രാജ്യത്തിന്റെ വികസിതവും മഹത്തരവുമായ മുഖമാണ് ലോകത്തിനുമുന്നിലേക്ക് കൊണ്ടുവരുന്നത്. രാജ്യത്തെ ഒരു പൗരനേയും ദാരിദ്ര്യത്തിൽ കഴിയാൻ താനനുവദിക്കില്ല. തനിക്ക് ഏറ്റവും പ്രധാനം രാജ്യവും രാജ്യത്തെ ജനങ്ങളുമാണ്. വികസിത ഇന്ത്യയ്ക്കായി വികസിതമായ മധ്യപ്രദേശ് മുഖ്യമാണെന്നും അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.