സമൂഹമാദ്ധ്യമങ്ങളെ കോൺഗ്രസ് മോശമായ രീതിയിൽ ഉപയോഗിക്കുന്നു; വിമർശനവുമായി മുഖ്യമന്ത്രി

കണ്ണൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാദ്ധ്യമങ്ങളെ കോൺഗ്രസ് മോശമായ രീതിയിൽ ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു..

സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട സ്ത്രീകളെ ആക്ഷേപിക്കുന്നു. ആരെയെങ്കിലും ആക്ഷേപിക്കുന്നത് നമ്മുടെ രീതിയല്ല. നമുക്ക് ആ മാർഗം വേണ്ട. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാർ എന്ന പ്രതീതി സൃഷ്ടിക്കാൻ പറ്റുമോ എന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ സർക്കാർ കേരളത്തിൽ ചെയ്ത കുറേ കാര്യങ്ങൾ ഉണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ മുന്നിൽ ആ കാര്യങ്ങൾ അവതരിപ്പിക്കാമെന്ന് സർക്കാർ തീരുമാനിച്ചു. അതിന്റെ ഭാഗമായി മന്ത്രിസഭയാകെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും എത്തുകയാണ്. പൊതുവായി നടന്ന കാര്യങ്ങൾ, ജില്ലയിൽ നടന്ന കാര്യങ്ങൾ, ആ മണ്ഡലത്തിൽ നടന്ന കാര്യങ്ങൾ അവതരിപ്പിക്കാനാണ് വരുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇനിയങ്ങോട്ട് സ്വീകരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്താണ് എന്നതും അവതരിപ്പിക്കും. ഇത് നാടിനെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ സഹായിക്കും. പ്രതിപക്ഷ നേതാവ് ഈ ഉദ്യമത്തോട് സഹകരിക്കില്ലെന്നാണ് പറഞ്ഞത്. അതിനും ധൂർത്ത് എന്ന് വിളിക്കുന്നു. ഓരോ സ്ഥലത്തും പരിപാടികൾ നടത്താൻ അതത് പ്രദേശത്തെ എംഎൽഎ നേതൃത്വം കൊടുക്കണമെന്നാണ് സർക്കാർ തീരുമാനിച്ചത്. ഇവിടെ ഒരു വിവേചനവും ഇല്ല. എന്നിട്ടും സഹകരിക്കില്ലെന്നാണ് നിലപാടെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.