നാടിന്റെ വികസനക്കുതിപ്പിന് കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭം കൈവരിച്ചിരിക്കുന്നുവെന്നത് ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുഗതാഗത രംഗത്തിന്റെ വളര്‍ച്ച നാടിന്റെ വികസന മുന്നേറ്റത്തിന് ഊര്‍ജ്ജം പകരുന്ന കാര്യമാണ് . സര്‍വ്വീസ് ആരംഭിച്ച കൊച്ചി മെട്രോ കൊവിഡ് മഹാമാരി കാലത്തെ പ്രതിസന്ധികളെയും മറികടന്നാണ് പ്രവര്‍ത്തന ലാഭം കൈവരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മെട്രോയില്‍ 2017ല്‍ 59,894 ആളുകളാണ് യാത്ര ചെയ്തത്. കൊവിഡ് കാലത്ത് എണ്ണം ഗണ്യമായി കുറഞ്ഞു. തുടര്‍ന്ന് കെഎംആര്‍എല്ലിന്റെ പരിശ്രമങ്ങളുടെ ഫലമായി പിന്നീട് കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാന്‍ സാധിച്ചു. ഇതിന്റെ ഭാഗമായി 2023 ജനുവരിയില്‍ ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടന്നക്കുകയും ഇത് ഒരു ലക്ഷത്തിലധികം എന്ന സംഖ്യയിലെത്തുകയുമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.ചെലവുചുരുക്കൽ നടപടികളിലൂടെ മുൻവർഷങ്ങളിൽ തന്നെ പ്രവർത്തനനഷ്ടം താഴ്ത്തിക്കൊണ്ടുവരാൻ സാധിച്ചിരുന്നതായി മെട്രോ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
2020-21 സാമ്പത്തിക വർഷത്തിൽ 56.56 കോടിയായിരുന്ന പ്രവർത്തന നഷ്ടം 2021-2022ൽ 34.94 കോടി രൂപയിലേക്ക് കുറയ്ക്കാനായിരുന്നു. 2022-23-ൽ പുതിയ രണ്ട് സ്റ്റേഷനുകൾ കൂടി ആരംഭിച്ചെങ്കിലും ചെലവ് കാര്യമായി കൂടിയില്ല. ഡിസംബർ-ജനുവരി മാസത്തിൽ തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുകയും മെട്രോയുടെ രണ്ടാം ഘട്ടംകൂടി പ്രാവർത്തികമാകുകയും ചെയ്യുമ്പോൾ വലിയ പ്രവർത്തന ലാഭത്തിലേക്ക് എത്താനാകുമെന്നാണ് മെട്രോ അധികൃതരുടെ പ്രതീക്ഷ

