ഇംഫാൽ: അനധികൃതമായി കൈവശംവച്ചിരിക്കുന്ന ആയുധങ്ങൾ തിരികെ നൽകിയില്ലെങ്കിൽ കർശന നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പുമായി മണിപ്പുർ സർക്കാർ. ആയുധങ്ങൾ 15 ദിവസത്തിനകം തിരികെ നൽകണമെന്നാണ് നിർദ്ദേശം. സംസ്ഥാന വ്യാപകമായി കേന്ദ്ര, സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥർ കർശന പരിശോധന നടത്തുമെന്നും സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി ബിരേൻ സിങിന്റെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കി വാർത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ആയുധങ്ങൾ കൈവശം വച്ച വ്യക്തികളെ നിയമപരമായി നേരിടാനാണ് തീരുമാനം. മണിപ്പൂരിൽ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുമായി ജനങ്ങൾ സഹകരിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. അതേസമയം, മണിപ്പുരിൽ സൈനികവേഷത്തിൽ ആയുധങ്ങളുമായി പിടികൂടിയ അഞ്ചുപേർക്കു പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. കുറ്റാരോപിതർ 50,000 രൂപ ബോണ്ടായി കെട്ടിവയ്ക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും വ്യക്തമാക്കിയാണ് കോടതി ജാമ്യം അനുവദിച്ചത്.
അനുവാദമില്ലാതെ മണിപ്പുർ വിടരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമാണ് മറ്റ് ജാമ്യ വ്യവസ്ഥകൾ.

