സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെ നിയമിച്ചിരുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സുരേഷ് ഗോപിയുടെ നിയമന വാർത്ത സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്.എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്തു. താരത്തിന്റെ സിനിമാ മേഖലയിലെ വൈഭവം ഇൻസ്റ്റിറ്റ്യൂട്ടിനെ കൂടുതൽ സമ്പന്നമാക്കുമെന്നും പ്രവർത്തനകാലം ഫലവത്തായിരിക്കട്ടെയെന്നും അദ്ദേഹം അറിയിച്ചു.
നിയമനത്തിൽ സുരേഷ്‌ഗോപിക്ക് അതൃപ്തിയുള്ളതായി തൊട്ടടുത്ത വൃത്തങ്ങൾ അറിയിച്ചതായാണ് വാർത്തകൾ പുറത്തുവരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്തുള്ള ഇത്തരം നിയമനം മത്സരത്തിൽ നിന്നുള്ള ഒഴിവാക്കളാണോ എന്നുള്ള ചർച്ചകളാണ് മുന്നോട്ട് വരുന്നത്. കുറച്ചു വർഷങ്ങളായി തൃശ്ശൂർ മണ്ഡലത്തിൽ സജീവ സാന്നിധ്യമാണ് സുരേഷ് ഗോപി. അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം തന്നെ മത്സരിക്കുമെന്നുള്ള പ്രതീക്ഷയിലായിരുന്നു അണികൾ.
നിലവിൽ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി നിയമിച്ചതോടുകൂടി സുരേഷ് ഗോപി എന്ത് തീരുമാനത്തിലെത്തുമെന്നുള്ള സംശയം പലർക്കുമുണ്ട്.
കേന്ദ്ര നേതൃത്വവുമായി ചർച്ചകൾ നടത്തിയതിന് ശേഷമേ തീരുമാനം എടുക്കുകയുള്ളൂ എന്ന നിലപാടിലാണ് മുൻ എം പി കൂടിയായ സുരേഷ് ഗോപി. ഇതിനിടയിൽ തൃശ്ശൂരിൽ സുരേഷ് ഗോപിയെ ഒതുക്കാനും കെ സുരേന്ദ്രനെ മത്സരിപ്പിക്കാനുമുള്ള കേന്ദ്രത്തിന്റെ തന്ത്രമാണിതെന്നതടക്കമുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കെ സുരേന്ദ്രൻ തന്നെ രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി വടക്കും നാഥന്റെ തട്ടകം ഏറ്റെടുത്ത് കഴിഞ്ഞു, ആരു വിചാരിച്ചാലും അത് തടായാനാവില്ല എന്ന് പറഞ്ഞുകൊണ്ട് സുരേഷ് ഗോപിക്ക് നിയമനത്തിൽ അതൃപ്തിയുണ്ടെന്ന വാർത്തകൾ രാഷ്ട്രീയ അജണ്ടയുടെ ഫലമാണെന്ന് ചൂണ്ടിക്കാട്ടി മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചു.

