ഒറ്റാവ: ഇന്ത്യ- കാനഡ സംഘർഷം രൂക്ഷമാകുന്നതിനിടെ മറ്റൊരു ഖാലിസ്ഥാൻ ഭീകരൻ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാനഡയിലെ ഖാലിസ്ഥാൻ പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്ന സുഖ്ദൂൽ സിംഗ് (സുഖ ദുനെകെ) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ മരിച്ചത്. എ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള ഭീകരനാണ് സുഖദൂൽ. ഖാലിസ്ഥാൻ തീവ്രവാദി ഹർദ്ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്നതിനിടെയാണ് പുതിയ ഭീകരൻ കൊല്ലപ്പെടുന്നത്.
2017 ലാണ് പഞ്ചാബ് മോഗ സ്വദേശിയായ സുഖ്ദൂൽ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് കാനഡയിലേയ്ക്ക് കടന്നത്. ഭീകരൻ അർഷ്ദീപ് ദല്ലയുടെ അടുത്ത അനുയായി ആയിരുന്നു ഇയാൾ. അതേസമയം, ഖാലിസ്ഥാനും കാനഡയുമായി ബന്ധമുള്ള 43 ഗുണ്ടാനേതാക്കളുടെ പട്ടിക ഇന്നലെ എൻ ഐ എ പുറത്തിറക്കിയിരുന്നു. ഇതിൽ സുഖ്ദൂലിന്റെ പേരും ഉൾപ്പെട്ടിരുന്നു.
പാക് ചാര സംഘടനയായ ഐ എസ് ഐയുടെ ഏജന്റുമാരും ഖാലിസ്ഥാൻ തലവൻമാരും കനേഡിയൻ നഗരമായ വാൻകോവറിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. സിഖ്സ് ഫോർ ജസ്റ്റിസ് (എസ് എഫ് ജെ) മേധാവി ഗുർപത്വന്ദ് സിംഗ് പന്നുൻ, മറ്റ് ഖാലിസ്ഥാൻ സംഘടനാ നേതാക്കൾ എന്നിവരും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

