ഗതാഗത നിയമംലംഘനങ്ങളിൽ പിഴ ലഭിച്ചോ; കോടതിയിലെത്തിയാൽ പിഴ ഇരട്ടിയാകും

തിരുവനന്തപുരം: സംസ്ഥാനത്തെ വെർച്വൽ (ഓൺലൈൻ) കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന നാലരലക്ഷം കേസുകൾ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതികൾക്ക് കൈമാറി. പോലീസും മോട്ടോർവാഹനവകുപ്പും ചുമത്തിയ ഇ-ചെലാൻ കേസുകളാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതികൾക്ക് കൈമാറിയത്.

ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചവർക്ക് ഡ്രെവിങ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്തശിക്ഷ കോടതികളിൽ നേരിടേണ്ടിവരും. ഒന്നിലേറെത്തവണ നിയമലംഘനങ്ങൾ ആവർത്തിച്ചവരിൽ നിന്നും ഇരട്ടി പിഴ ഈടാക്കും. പിഴ വാങ്ങി കേസ് തീർപ്പാക്കാനുള്ള അധികാരം (കോമ്പൗണ്ടിങ്) ഉപയോഗിച്ച് സർക്കാർ നൽകിയിരുന്ന ഇളവുകൾ കോടതികളിൽനിന്ന് ലഭിക്കില്ല. കോടതി കേസ് തീർപ്പാക്കുംവരെ കരിമ്പട്ടിക നീക്കാനോ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനോ കഴിയില്ലെന്നതാണ് മറ്റൊരു പ്രശ്‌നം.

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കഴിവതും വേഗം ഓൺലൈനിൽ അടയ്ക്കുകയാണ് ഏറ്റ വും നല്ലത്. വാഹന, ലൈസൻസ് രേഖകളിൽ സ്വന്തം മൊബൈൽ നമ്പർ ഉൾക്കൊള്ളിച്ചാൽ പിഴ ചുമത്തുന്നത് സംബന്ധിച്ച് എസ്.എം.എസ്. സന്ദേശം ലഭിക്കും. https://echallan.parivahan.gov.in/index/accused-challan എന്ന വെബ്‌സൈറ്റിൽ പരിശോധിച്ചാലും പിഴ സംബന്ധിച്ച വിവരം അറിയാം.