പതിനൊന്നുകാരിയെ വിൽക്കാനുണ്ടെന്നു ഫേസ്ബുക് പോസ്റ്റിട്ടത് രണ്ടാനമ്മ

11 വയസുകാരിയെ വിൽക്കാനുണ്ടെന്നു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതു പെൺകുട്ടിയുടെ രണ്ടാനമ്മയാണെന്നു കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് രണ്ടാനമ്മയാണ് ഇതിനു പിന്നിൽ എന്ന കണ്ടെത്തലിൽ എത്തുന്നത്. ആദ്യം പെൺകുട്ടിയുടെ പിതാവാണ് സംഭവത്തിന് പിന്നിൽ എന്ന് കരുതിയെങ്കിലും പിന്നീടുള്ള വിശദമായ അന്വേഷണത്തിലാണ് രണ്ടാനമ്മയാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ രണ്ടാനമ്മയെ ചോദ്യം ചെയ്തു വിട്ടയച്ചു. പെൺകുട്ടിയുടെ പിതാവ് ഇവരെ മൂന്നാമതായി വിവാഹം ചെയ്തതായിരുന്നു. മുലയൂട്ടുന്ന കുട്ടിയുണ്ട് എന്നകാര്യം പരിഗണിച്ചാണ് ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചത്. അതുകൊണ്ട് തന്നെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അഭിപ്രായം കൂടി പരിഗണിച്ചേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കു. പെൺകുട്ടിയുടെ പിതാവ് കൂടിയായ തന്റെ ഭർത്താവ് നിരന്തരം വഴക്കുണ്ടാക്കുന്നതിലുള്ള ദേഷ്യം കൊണ്ടാണ് ഇത്തരത്തിൽ ഒരുകാര്യം ചെയ്തത് എന്ന് രണ്ടാനമ്മ പോലീസിനോട് പറഞ്ഞു.

പെൺകുട്ടിയുടെ പിതാവിന്റെ ഫേസ്ബുക്കിലൂടെയാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. പണം നൽകിയാൽ പതിനൊന്നു വയസുകാരിയായ മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ നൽകാം എന്ന് പറഞ്ഞു കൊണ്ടുള്ളതായിരുന്നു പോസ്റ്റ്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടവർ പോലിസിനെ അറിയിച്ചതിനെ തുടർന്ന് കുറിപ്പ് പിൻവലിക്കുകയായിരുന്നു. പെൺകുട്ടിയും കുട്ടിയുടെ വല്യമ്മയും ചേർന്ന് നൽകിയ പരാതിയിൽ പോലീസ് കേസ് എടുക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളത് കൊണ്ട്തന്നെ പിതാവ് തന്നെയായിരിക്കും പോസ്റ്റ് ഇട്ടതു എന്നാണ് പോലീസും ആദ്യം കരുതിയത്. എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ രണ്ടാനമ്മപെൺകുട്ടിയുടെ പിതാവിന്റെ ഫേസ്ബുക് അക്കൗണ്ടിൽ കയറി പോസ്റ്റ് ഇടുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി.