തിരുവനന്തപുരം: കേരളത്തിൽ നിപ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങൾ ചെയ്ത് വരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിപയെ നേരിടാൻ കേരളം എല്ലാ രീതിയിലും സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് നിപ പ്രധാന പ്രശ്നമാണ്. വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ല. വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണ്. മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രത തുടരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലും ശാസ്ത്രീയ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. നിപ സമ്പർക്ക പട്ടികയിൽ 286 പേരുണ്ട്. ഇതിൽ 276 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. 122 പേർ ബന്ധുക്കളാണ്. 118 ആരോഗ്യ പ്രവർത്തകരുണ്ട്. 994 നിരീക്ഷണത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പർക്ക പട്ടിക ഇനിയും ഉയരാനിടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
304 സാമ്പിളിൾ 256 പേരുടെ ഫലം വന്നു. 6 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 9 പേർ ഐസൊലേഷനിലുണ്ട്. മരുന്ന് മുതൽ ആംബുലൻസ് അടക്കം എല്ലാം സജ്ജമാണ്. സമ്പർക്ക പട്ടിക ഇനിയും കൂടിയേക്കും. ആരോഗ്യമന്ത്രി നേരിട്ടാണ് നിപ പ്രതിരോധത്തിന് നേതൃത്വം നൽകിയത്. എല്ലാവരും പങ്കാളികളായി. മരുന്ന് മുതൽ ആംബുലൻസ് അടക്കം എല്ലാം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

