ന്യൂഡൽഹി: പഴയ പാർലമെന്റ് സമ്മേളനത്തിൽ അവസാനസമ്മേളനം ചേർന്നു. പാർലമെന്റ് പുതിയ മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായാണ് പ്രത്യേക പാർലമെന്റ് സമ്മേളനം ചേർന്നത്. വികാര നിർഭര നിമിഷമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഭരണഘടന ഇവിടെയാണ് രൂപമെടുത്തത്. ദേശീയ ഗാനത്തിനും, ദേശീയ പതാകക്കും അംഗീകാരം നൽകിയ ഇവിടെ വച്ച് വികസിത ഇന്ത്യക്കായി വീണ്ടും പ്രതിജ്ഞയെടുക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകത്തിന് മാതൃകയാണ് ഇന്ത്യയുടെ ഭരണനിർവഹണം. ഇന്ത്യ പുതിയ ഭാവിയിലേക്ക് നടന്നടുക്കുകയാണ്. സ്ത്രീ ശാക്തീകരണമടക്കം മാതൃകാപരമായ നടപടികൾ സ്വീകരിച്ചു. വിപ്ലവകരമായ പല തീരുമാനങ്ങൾക്കും ഈ സഭ സാക്ഷിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
75 വർഷത്തെ അനുഭവങ്ങൾ ഓരോ പാഠങ്ങൾ പകർന്നു നൽകി. ബുദ്ധിജീവികൾ പരിഹസിച്ച സ്വയംപര്യാപ്ത ഇന്ത്യ ഇന്ന് ലോകം ചർച്ച ചെയ്യുന്ന ഒന്നായി മാറി. രാജ്യത്തെ സർവകലാശാലകൾ മികവിന്റെ കേന്ദ്രങ്ങളായി. പഴയ പാർലമെന്റ് മന്ദിരം ഇനി ഭരണഘടനാ മന്ദിരം ആയി അറിയപ്പെടണം. അതിന് സംവിധാൻ സദൻ എന്ന പേര് നൽകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

