ഏഷ്യ കപ്പ് ഫൈനൽസിലെ മികച്ച പ്രകടനം കൊണ്ട് പ്രശംസ ഏറ്റുവാങ്ങിയ താരമാണ് മുഹമ്മദ് സിറാജ്. ശ്രീലങ്കക്കെതിരെയുള്ള ഫൈനൽസിൽ ശ്രീലങ്കൻ താരങ്ങൾക്ക് വെല്ലുവിളിയുയർത്തി സിറാജ് സ്വന്തമാക്കിയത് ഇന്ത്യൻ ടീമിന്റെ അഭിമാനവും ഒപ്പം മാൻ ഓഫ് ദി മാച്ച് അവാർഡുമാണ്. ഒരോവറില്‍ നാല് വിക്കറ്റ് ഉള്‍പ്പെടെ 7 ഓവറില്‍ 21 റണ്‍സ് വഴങ്ങി 6 വിക്കറ്റുകളാണ് സിറാജ് നേടിയത്. ഇപ്പോഴിതാ സിറാജ് ചെയ്ത മറ്റൊരു കാര്യമാണ് കയ്യടി നേടുന്നത്. മാൻ ഓഫ് ദി മാച്ച് തുക ഗ്രൗണ്ട് സ്റ്റാഫിന് നൽകി വീണ്ടും പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ് താരം. ഏഷ്യ കപ്പ് ആരംഭിച്ചത് മുതൽ തന്നെ മഴയും വില്ലനായി എത്തിയിരുന്നു. എന്നാൽ ഗ്രൗണ്ട് സ്റ്റാഫുകളുടെ കഠിനാധ്വാനവും അവരുടെ പരിശ്രമവുമാണ് മത്സരങ്ങളെല്ലാം മികച്ച രീതിയിൽ പൂർത്തിയാക്കാൻ കാരണം. ഫൈനല്‍ മത്സരം പോലും മഴയെ തുടര്‍ന്ന് 40 മിനിറ്റ് വൈകിയാണ് ആരംഭിച്ചത്. 5000 യുഎസ് ഡോളറാണ് സമ്മാനത്തുകയായി സിറാജിന് ലഭിച്ചത്. അതായത് ഏകദേശം നാലേകാല്‍ ലക്ഷം രൂപ. ഇതാണ് അദ്ദേഹം കൊളംബോയിലേയും കാന്‍ഡിയിലേയും ഗ്രൗണ്ട് സ്റ്റാഫിനായി നല്‍കിയത്.
ഏഷ്യ കപ്പ് കലാശ പോരാട്ടത്തിൽ മുഹമ്മദ് സിറാജ് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഒരു പ്രധാന ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ അഞ്ച് വിക്കറ്റെടുക്കുന്ന ആദ്യ ഇന്ത്യന്‍ പേസറെന്ന റെക്കോര്‍ഡാണ് കഴിഞ ദിവസം സിറാജ് സ്വന്തം പേരിലാക്കിയത്.

