ന്യൂഡൽഹി: വിവാഹ മോചനവുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. വർഷങ്ങളായി ഭാര്യയിൽ നിന്നും അകന്നു കഴിഞ്ഞശേഷം ഡിവോഴ്‌സ് കേസ് കോടതിയിൽ തീർപ്പാകാതെ നീണ്ടുപോകുന്നതിനിടെ മറ്റൊരു സ്ത്രീക്കൊപ്പം ഭർത്താവ് കഴിയുന്നത് ഡിവോഴ്‌സിനുള്ള അയോഗ്യതയായി കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഭാര്യ നിരന്തരമായി ഉപദ്രവിക്കുന്നുവെന്നാരോപിച്ച് ഭർത്താവ് നൽകിയ ഡിവോഴ്‌സ് കേസ് അനുവദിച്ചുകൊണ്ടുള്ള കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഭാര്യ നൽകി ഹർജി തള്ളിയാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് സുരേഷ് കുമാർ കൈത്, ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ എന്നിവരടങ്ങിയ ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. ഭർത്താവിനെ താൻ നിരന്തരം ഉപദ്രവിച്ചുവെന്ന ആരോപണം തെറ്റാണെന്നും ഇതിനിടയിൽ ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചുവെന്നും ഡിവോഴ്‌സ് അനുവദിക്കരുതെന്നുമാണ് ഭാര്യ ഹർജിയിൽ ആരോപിക്കുന്നത്.
2003 ഡിസംബരിൽ വിവാഹിതരായ ഇരുവരും 2005 മുതൽ അകന്നാണ് കഴിയുന്നതെന്നും വീണ്ടും കൂടിചേരാൻ യാതൊരു സാധ്യതയുമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭർത്താവിനെ ഭാര്യ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് തെളിഞ്ഞിട്ടുണ്ടെന്നും ഇരുവരും തമ്മിലുള്ള തർക്കം ഭർത്താവിനും അയാളുടെ കുടുംബത്തിനും വലിയരീതിയിലുള്ള മാനിസകാഘാതമുണ്ടാക്കുന്നതാണെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

