ഭോപ്പാൽ: ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാലയിൽ പ്രവേശനത്തിനെത്തിയ മലയാളി വിദ്യാർത്ഥികളോട് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ട് സർവകലാശാല അധികൃതർ. കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. ക്യാമ്പസിലേയ്ക്ക് പ്രവേശിക്കണമെങ്കിൽ വിദ്യാർഥികൾ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു അധികൃതർ ആവശ്യപ്പെട്ടത്.
ഇന്നും നാളെയുമായി സർവകലാശാലയിൽ നടക്കുന്ന ഓപ്പൺ കൗൺസിലിംഗിൽ പങ്കെടുക്കാനെത്തിയ മലയാളി വിദ്യാർത്ഥികളോടാണ് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. കോഴിക്കോട് നിപ വൈറസ് ബാധ കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ മുൻ കരുതലായിട്ടാണ് സർവകലാശാല നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതുസംബന്ധിച്ച് നേരത്തെ നിർദ്ദേശങ്ങളൊന്നും നൽകിയിരുന്നില്ലെന്നാണ് വിദ്യാർത്ഥികൾ വ്യക്തമാക്കുന്നത്. വിദ്യാർത്ഥികളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡോ വി ശിവദാസൻ എം പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയക്കുകയും ചെയ്തു. നിപ പരിശോധന സംവിധാനങ്ങൾ പരിമിതമായതിനാൽ വിദ്യാർത്ഥികൾക്ക് വളരെ വേഗത്തിൽ നിപ പരിശോധന നടത്തുക എളുപ്പമല്ലെന്ന് എംപി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

