ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ 117ഓളം മദ്രസകളും എൻസിഇആർടി സിലബസിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസാണ് ഇക്കാര്യം അറിയിച്ചത്. സംസ്‌കൃതവും മദ്രസയിലെ പാഠഭാഗങ്ങൾക്കൊപ്പം വിദ്യാർത്ഥികളെ പഠിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദമാക്കി.
വഖഫ് ബോർഡ് ഹൈബ്രിഡ് മാതൃക വിദ്യാഭ്യാസം അവതരിപ്പിക്കാൻ തീരുമാനിച്ചത് ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രധാന്യം ഉൾക്കൊണ്ടുകൊണ്ടാണ്. ഹിന്ദി, ഇംഗ്ലീഷ്, ഗണിതം, സയൻസ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, അറബിക്ക് എന്നീ വിഷയങ്ങൾക്കൊപ്പം സംസ്‌കൃതവും പഠിക്കുകയാണും അദ്ദേഹം വ്യക്തമാക്കി.
ഉത്തരാഖണ്ഡ് മദ്രസയിൽ ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കിയത് ഒരു പൈലറ്റ് പ്രോജക്റ്റ് എന്ന നിലയിലാണ്. ഡെറാഡൂണിലെ മുസ്ലീം കോളനിയിലെ തിരഞ്ഞെടുത്ത നാല് സ്ഥാപനങ്ങളിലും റൂർക്കിയിലെ റഹ്മാനിയ മദ്രസയിലും (ഹരിദ്വാറിലെ), യുഎസ് നഗറിലെ ഖാത്തിമയിലെ റഹ്മാനിയ മദ്രസയിലും നൈനിറ്റാൾ ജില്ലയിലെ രാംനഗറിലെ ജുമാ മസ്ജിദ് മദ്രസയിലുമാണ് ആദ്യം പദ്ധതി നടപ്പാക്കിയത്.
സംസ്ഥാനത്തെ മദ്രസകൾക്ക് വേണ്ട എല്ലാ പിന്തുണയും സർക്കാർ നൽകുന്നുണ്ട്. എൻസിഇആർടി സിലബസും കൂടി ഉൾപ്പെടുത്തിയതോടെ വിദ്യാത്ഥികൾക്ക് മറ്റ് വിഷയങ്ങളെ കുറിച്ച് പഠിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിക്കുകയാണ്. പുസ്തകങ്ങളും യൂണിഫോമുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ എല്ലാ പിന്തുണയും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

