ദൃശ്യത്തിന്റെയും ഭീഷ്മപര്‍വ്വത്തിന്റെയും കളക്ഷൻ മറികടന്ന് ആർഡിഎക്സ്

ആളും ആരവവും ഇല്ലാതെ വന്ന് ബ്ലോക്ക്‌ബസ്റ്റർ ആയി മാറിയ ചിത്രമാണ് ആർഡിഎക്സ്. ഓണം റിലീസുകളില്‍ ഏറ്റവും മികച്ച അഭിപ്രായം ലഭിച്ച ചിത്രവും ഇത് തന്നെ. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലെ സെലിബ്രേറ്റികൾ വരെ ആർഡിഎക്സിനെകുറിച്ച് മികച്ച അഭിപ്രായമാണ് പങ്കുവച്ചത്.

പിന്നീടങ്ങോട്ട് റെക്കോർഡുകൾ തകർക്കുന്ന ചിത്രമായി ആർഡിഎക്സ് മാറി. ഇപ്പോഴിതാ ചിത്രം നേടിയ കളക്ഷന്റെ വിവരങ്ങളാണ് പുറത്തു വരുന്നത്. ഒന്‍പത് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ചിത്രം നേടി. ഈ ഞായറാഴ്ച മാത്രം കേരളത്തില്‍ നിന്ന് ചിത്രത്തിന് 2 കോടിക്ക് അടുത്ത് കളക്ഷന്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 17 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 45 കോടിയിലേറെ നേടിയിരിക്കുന്ന ചിത്രം വൈകാതെ കേരളത്തില്‍ നിന്ന് മാത്രമായി 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ 75 കോടി നേടിയതായാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്.

മലയാള ചിത്രങ്ങളിലെ കേരളത്തിലെ ഉയര്‍ന്ന കളക്ഷന്‍ ലിസ്റ്റില്‍ നാലാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട് ആര്‍ഡിഎക്സ്. ദൃശ്യം, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളെയാണ് ലിസ്റ്റില്‍ ആര്‍ഡിഎക്സ് ഏറ്റവുമൊടുവില്‍ മറികടന്നിരിക്കുന്നത്. കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ എക്കാലത്തെയും മലയാള ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് 2018 ആണ്. രണ്ടാം സ്ഥാനത്ത് പുലിമുരുകനും മൂന്നാമത് ലൂസിഫറും.