തിരുവനന്തപുരം: അടുത്തമാസം വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തും. വിഴിഞ്ഞത്ത് ആദ്യ കപ്പൽ ഒക്ടോബർ നാലിനാണ് എത്തുക. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യമെത്തുന്നത് ചൈനയിൽ നിന്നുള്ള കപ്പലാണ്. ഷാങ്ഹായി തുറമുഖത്ത് നിന്ന് തുറമുഖത്തിന് ആവശ്യമുള്ള വലിയ ക്രെയിനുകളുമായാണ് ആദ്യ കപ്പലിന്റെ യാത്ര. ഒക്ടോബർ നാലിന് വൈകിട്ട് കേന്ദ്ര തുറമുഖമന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും നേതൃത്വത്തിൽ കപ്പലിന് സ്വീകരണമൊരുക്കുമെന്ന് മന്ത്രി അറിയിച്ചു. രണ്ടാമത്തെ കപ്പൽ ഒക്ടോബർ 28 നും നവംബർ 11, 14 തീയ്യതികളിൽ മറ്റ് കപ്പലുകളും എത്തും.
അതേസമയം, സെപ്തംബർ 20ന് വിഴിഞ്ഞം തുറമുഖത്തിന്റെ പേര് പ്രഖ്യാപിക്കും. തുറമുഖത്തിന്റെ ലോഗോയും സെപ്തംബർ 20 ന് പ്രകാശനം ചെയ്യും. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിലാണ് തുറമുഖത്തിന്റെ പേരും ലോഗോയും പ്രകാശനം ചെയ്യുക. തുറമുഖത്തിനായി നിർമ്മിക്കേണ്ട പുലിമുട്ടിന്റെ മുക്കാൽഭാഗവും പൂർത്തിയായതായും ബർത്ത് നിർമാണം അവസാന ഘട്ടത്തിലാണെന്നും മന്ത്രി വിശദമാക്കി.

