ന്യൂഡൽഹി: രണ്ട് ദിവസത്തെ ജി20 ഉച്ചകോടിയ്ക്ക് സമാപനമായി. ജി20 അദ്ധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കൈമാറി. ജി20യിലെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്താൻ നവംബറിൽ ജി20 വെർച്വൽ ഉച്ചകോടി നടത്തണമെന്ന ശുപാർശയും പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ചു.
സുപ്രധാന തീരുമാനങ്ങളാണ് ജി 20 ഉച്ചകോടിയിൽ സ്വീകരിച്ചത്. സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങൾ ചർച്ച ചെയ്തു. സമാപന ദിവസമായ ഇന്ന് രാവിലെ ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ ഒന്നിച്ച് രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു.
യുക്രെയിൻ അധിനിവേശത്തിൽ റഷ്യയെ കുറ്റപ്പെടുത്താതെ സംയുക്ത പ്രഖ്യാപനമാണ് ഇന്ത്യ നടത്തിയത്. വികസ്വര രാഷ്ട്രങ്ങൾക്ക് അംഗീകാരമായി ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം ജി20 നൽകി.

