ജി 20 യുടെ അധ്യക്ഷപദം; അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് ലഭിച്ച അംഗീകാരമെന്ന് കാന്തപുരം

കോഴിക്കോട്: ജി 20 യുടെ അധ്യക്ഷപദം അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് ലഭിച്ച അംഗീകാരമാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന പ്രമേയത്തിൽ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടി ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ അടയാളപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം, പണപ്പെരുപ്പം തുടങ്ങി കാലം ആവശ്യപ്പെടുന്ന അടിയന്തര വിഷയങ്ങൾ ചർച്ചക്കെടുക്കുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യുദ്ധമുണ്ടാക്കിയ വിശ്വാസരാഹിത്യം പരിഹരിക്കണമെന്ന ജി20 ഉദ്ഘാടന വേളയിലെ പ്രധാനമന്ത്രിയുടെ നിർദേശം ആഗോള സമാധാന ശ്രമങ്ങൾക്ക് ഊർജം നൽകുന്നതാണ്. ക്ഷേമവും സമാധാനവും നിലനിൽക്കുന്ന ലോകക്രമം രൂപപ്പെടാൻ ഉച്ചകോടി കാരണമാകട്ടെ. ഭീകരവാദം, സൈബർ സുരക്ഷ തുടങ്ങിയ വെല്ലുവിളികൾ നേരിടാൻ ലോക ജനസംഖ്യയിലെ 65 ശതമാനം വരുന്ന ജി 20 രാജ്യങ്ങളുടെ കൂട്ടായ പരിശ്രമങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ രണ്ടു ദിവസമായി നടക്കുന്ന ഉച്ചകോടിയും കഴിഞ്ഞ ഏതാനും മാസങ്ങളായി 60 നഗരങ്ങളിൽ നടന്ന 220 അനുബന്ധ യോഗങ്ങളും ഭംഗിയായും ആസൂത്രിതമായും നടപ്പാക്കിയ കേന്ദ്ര സർക്കാരിനെയും ഉദ്യോഗസ്ഥരെയും കാന്തപുരം അഭിനന്ദിക്കുകയും ചെയ്തു.