കോഴിക്കോട്: പുതുപ്പള്ളിയിൽ വിജയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുതുപ്പള്ളിയിൽ വിജയിച്ചത് ടീം യുഡിഎഫ് ആണെന്ന് അദ്ദേഹം പറഞ്ഞു. ഈ മാതൃക വരും തിരഞ്ഞെടുപ്പുകളിലും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അ്‌ദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കോൺഗ്രസിനെ ഈ വിജയം കൂടുതൽ വിനയാന്വിതരാക്കുന്നു. കേരളത്തിന്റെ മുഴുവൻ പിന്തുണ ചാണ്ടി ഉമ്മന് കിട്ടി. പ്രചരണ സമയത്ത് മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു എന്തുകൊണ്ടാണ് അതിന് പ്രതികരിക്കാത്തതെന്നും സതീശൻ ചോദിച്ചു.
പുതുപ്പളളിയിൽ കോൺഗ്രസിന് ഉത്തമരായ കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണയും ലഭിച്ചു. പിണറായിയുടെ കുഴലൂത്തുകാരനായി എം വി ഗോവിന്ദൻ മാറി. മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനെ മാറ്റിയ നടപടി ഇതിന് ഉദാഹരണമാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിനുള്ള പ്രഹരമാണ്. സിപിഎമ്മിന്റെ തകർച്ചയുടെ തുടക്കമാണിതെന്നും സർക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് കണ്ടതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

