മൊറോക്കോവില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 300 മരണം. 150 ലധികം പേര്‍ക്ക് പരിക്കേറ്റതായും മരണം ഇനിയും കൂടിയേക്കുമെന്നുമാണ് വിവരം. മൊറാക്കോയിലെ അറ്റ്‌ലസ് പര്‍വ്വതത്തിലെ ഇഖില്‍ ഏരിയ പ്രഭവകേന്ദ്രമായ ഭൂകമ്പത്തിന്റെ പ്രകമ്പനം സ്‌പെയിനിലും പോര്‍ച്ചുഗലിലും വരെ അനുഭവപ്പെട്ടതായിട്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.ഭൂചലനം 44 മൈല്‍ അകലെ തെക്കുപടിഞ്ഞാറന്‍ വിനോദസഞ്ചാര മേഖലയായ മാരാകേശില്‍ കനത്ത നാശനഷ്ടം ഉണ്ടാക്കി. ചരിത്ര നഗരത്തിലെ പ്രശസ്തമായ ജെമാ എല്‍-ഫ്‌ന സ്‌ക്വയറില്‍ ഒരു മിനാരത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു, രണ്ട് പേര്‍ക്ക് പരിക്കേറ്റു. പത്തുവര്‍ഷത്തിനിടയില്‍ രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും ശക്തമായ ഭൂചലനമെന്നാണ് മൊറാക്കന്‍ മാധ്യമങ്ങളും പറയുന്നത്. അയല്‍രാജ്യമായ അള്‍ജീരിയിലും ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായതായും എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മൊറാക്കന്‍ പ്രതിരോധ വിഭാഗം പറയുന്നു.മാരാകേശിലെ യുനെസ്‌കോയുടെ പൈതൃക സൈറ്റില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. കൂറ്റന്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ മുകളിലേക്ക് വീണ് കാറുകളും മറ്റും തകര്‍ന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂകമ്പത്തില്‍ അല്‍-ഹൗസ്, മാരാകേഷ്, ഔര്‍സാസേറ്റ്, അസിലാല്‍, ചിചൗവ, തരൗഡന്റ് പ്രവിശ്യകളിലും മുനിസിപ്പാലിറ്റികളിലുമായി 296 പേര്‍ മരിച്ചതായി മൊറോക്കോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഭൂകമ്പത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
2004-ല്‍ വടക്കുകിഴക്കന്‍ മൊറോക്കോയിലെ അല്‍ ഹൊസീമയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 628 പേര്‍ കൊല്ലപ്പെടുകയും 926 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 1980-ല്‍ അയല്‍രാജ്യമായ അള്‍ജീരിയയില്‍ ഉണ്ടായ 7.3 തീവ്രത രേഖപ്പെടുത്തിയ എല്‍ അസ്‌നാം ഭൂകമ്പം സമീപകാല ചരിത്രത്തിലെ ഏറ്റവും വലുതും വിനാശകരവുമായ ഭൂകമ്പങ്ങളിലൊന്നായിരുന്നു
2023-09-09

