ആസിയാൻ- ഇന്ത്യ ഉച്ചകോടിയിൽ സഹ അധ്യക്ഷനാകുക അഭിമാനം : മോദി

ജക്കാർത്ത : ആസിയാൻ- ഇന്ത്യ ഉച്ചകോടിയിൽ സഹ അധ്യക്ഷനാകുക എന്നത് അഭിമാനമുള്ള കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജക്കാർത്തയിൽ ആരംഭിച്ച ഉച്ചകോടി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം ഇന്ത്യ-ആസിയാൻ സൗഹൃദ ദിനം ആഘോഷിച്ചിരുന്നു. അതിലൂടെ കൂടുതൽ വിശാലമായ നയതന്ത്ര പങ്കാളിത്തത്തിനുള്ള സാഹചര്യമുണ്ടാക്കാൻ സാധിച്ചതായും ഇന്ത്യ-ഇന്തോനേഷ്യ പങ്കാളിത്തം ഇപ്പോൾ നാലാം ദശകത്തിലെത്തി. അത്തരമൊരു സാഹചര്യത്തിൽ ആസിയാൻ- ഇന്ത്യ ഉച്ചകോടിയിൽ സഹ- അധ്യക്ഷനാകാൻ കഴിഞ്ഞത് തന്നെ സംബന്ധിച്ച് അഭിമാനമാണ്. ഉച്ചകോടി സംഘടിപ്പിച്ചതിൽ ഇന്തോനേഷ്യൻ പ്രസിഡൻ് ജോകോ വിഡോഡോയെ അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ സംസാരിക്കവേ പറഞ്ഞു.

ആസിയാൻ രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ചർച്ചയായി. ആസിയാനുമായുള്ള ബന്ധം നയതന്ത്ര തലത്തിൽ ഇന്ത്യക്ക് ഏറെ പ്രധാന്യമുള്ളതാണെന്നാണ് ഇന്തോനേഷ്യയിലേക്ക് പോകുന്നതിന് തൊട്ട് മുമ്പ് നരേന്ദ്ര മോദി പറഞ്ഞത്. കഴിഞ്ഞ വർഷത്തെ നയതന്ത്ര പങ്കാളിത്തത്തിലൂടെ ആസിയാൻ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതിയതലത്തിലെത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

വ്യാഴാഴ്ച പുലർച്ചെ ജക്കാർത്ത വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ജക്കാർത്തയിലെ ഇന്ത്യൻ സമൂഹവും വലിയരീതിയുള്ള സ്വീകരണം നരേന്ദ്രമോദിക്കായി ഒരുക്കിയിരുന്നു. ജക്കാർത്തയിലെ ആസിയാൻ- ഇന്ത്യ ഉച്ചകോടിക്കുശേഷം ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും നരേന്ദ്ര മോദി പങ്കെടുക്കും.

18 രാജ്യങ്ങളിലുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിലെ ഭക്ഷ്യ-ഊർജ സുരക്ഷ, പരിസ്ഥിതി, ആരോഗ്യം, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഷയങ്ങളാവും ചർച്ച ചെയ്യപ്പെടുക. ആഗോള വെല്ലുവിളികളെ നേരിടാൻ പൊതുവായ നടപടികളിൽ പ്രയോഗികമായ സഹകരണം ഉറപ്പാക്കുന്നതിനുള്ള ചർച്ചയും നേതാക്കളുമായി നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ അറിയിച്ചു.ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 18-ാമത് ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിലും പങ്കെടുത്തശേഷം വ്യാഴാഴ്ച തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങും. സെപ്തംബർ ഒമ്പത്, പത്ത് തീയതികളിൽ ഇന്ത്യയിൽ ജ20 ഉച്ചകോടി നടക്കുന്നതിനാലാണ് പെട്ടന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നത്.