സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. കെ.എസ്.ഇ.ബി യുടെ പുതിയ ടെൻഡറിൽ രണ്ടു കമ്പനികൾ മാത്രം പങ്കെടുക്കുകയും ഉയർന്ന തുക ആവശ്യപ്പെടുകയും ചെയ്തതോടെ റദ്ദാക്കിയ ദീർഘകാല കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ അടിയന്തര നടപടി തുടങ്ങി. പ്രതിദിനം 500 വാട്ട് വൈദ്യുതി വാങ്ങാനുള്ള ടെൻഡറിലാണ്
ഉയർന്ന തുക ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല ടാസ്ക് ഫോഴ്സ് ഇന്ന് യോഗം ചേരും.
സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണ് 465 മെഗാവാട്ടിന്റെ കരാറുകൾ റദ്ദാക്കിയത്. വൈദ്യുതി നിയമത്തിലെ 108വകുപ്പ് പ്രകാരം സർക്കാരിന് സവിശേഷ അധികാരമുപയോഗിക്കാം ഉത്തരവ് പിൻവലിക്കുന്നതിനെ കുറിച്ച് കമ്മിഷന് നിർദ്ദേശം നൽകുന്നതിനെക്കുറച്ചായിരിക്കും ടാസ്ക് ഫോഴ്സ് ഇന്ന് യോഗത്തിൽ ചർച്ച ചെയ്യുന്നത്. അഞ്ചു വർഷത്തെക്ക് യൂണിറ്റിന് 6.88 വൈദ്യുതി നൽകാം എന്ന നിലപാടിലായിരുന്നു ടെൻഡറിൽ പങ്കെടുത്ത ഇരു കൂട്ടരും. അദാനി പവറും ദൈനിക് ഭാസ്ക്കർ പവർ ലിമിറ്റഡും മാത്രമാണ് ടെൻഡറിൽ പങ്കെടുത്തത്. നേരത്തെ ഒരു യൂണിറ്റിന് 4.11 രൂപയായിരുന്നു. ഇതോടെയാണ് പഴയ കരാറിലേക്ക് തന്നെ മടങ്ങിപ്പോവാൻ തീരുമാനമായത്.
ഇന്ന് നടക്കുന്ന ചർച്ചക്ക് ശേഷം കമ്മിഷനുമായി ചീഫ് സെക്രട്ടറി അനൗദ്യോഗിക കൂടികാഴ്ച നടത്തുകയും അതിന് ശേഷം മുഖ്യമന്ത്രിയുടെ അനുവാദത്തോടെയായിരിക്കും മറ്റു തീരുമാനങ്ങൾ കൈകൊള്ളുക.
അടിയന്തര ആവശ്യം കണക്കിലെടുത്ത് മൂന്നു ടെൻഡറാണ് കെ. എസ്. ഇ. ബി ക്ഷണിച്ചിരിക്കുന്നത്. 500 മെഗാവാട്ടിന്റെയാണ് ഇന്നലെ തുറന്നത്. പ്രതിദിനം200 മെഗാവാട്ട് മേയ് വരെ വാങ്ങാനുള ടെൻഡർ ഇന്ന് തുറക്കും. തരുന്ന വൈദ്യുതി അടുത്ത മഴക്കാലത്ത് തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥ പ്രകാരം 500 മെഗാവാട്ടിനുള ടെൻഡർ ഏഴാം തീയതിയും തുറക്കും.
ആര്യാടൻമുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ ഉണ്ടാക്കിയ ദീർഘകാല കരാർ അനുസരിച്ച് മൂന്ന് കമ്പനികളാണ് 465മെഗാവാട്ട് നൽകി വന്നത്. 115മെഗാവാട്ട് 4രൂപ 11പൈസയ്ക്കും 350മെഗാവാട്ട് 4രൂപ 29പൈസയ്ക്കുമായിരുന്നു. നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരിലാണ് ഈ മേയിൽ കരാറുകൾ റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത്.
കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തെങ്കിലും അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് കൂടിയിട്ടില്ല. ഇടുക്കിയിൽ മഴയില്ലത്തത് കാരണം ഡാമിൽ 29ശതമാനം വെള്ളം മാത്രമാണുള്ളത്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഇത് വലിയ ഒരു കാരണമാണ്. മഴകുറയുകയു ചൂട് കൂടുകയും ചെയ്തതോടെ പ്രതിദിനം പത്ത് ദശലക്ഷം യൂണിറ്റിന്റെ ഉപഭോഗം വർദ്ധിച്ചു. ഇതോടെ മൊത്തം 500മെഗാവാട്ടിലേറെ വൈദ്യുതിയുടെ ക്ഷാമം നേരിടുന്നു.

