സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഓണക്കാലം കഴിഞ്ഞതോടെ സ്ഥിതി ഗുരുതരമായ അവസ്ഥയിലാണ്. പ്രതിസന്ധിക്ക് പരിഹാരം കാണാൻ ക്ഷേമനിധികളിൽ നിന്ന് ധനസമാഹരണത്തിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. അത്യാവശ്യ ചെലവുകൾക്ക് 2000 കോടി സമാഹരിക്കാനാണ് തീരുമാനം. ട്രഷറി നിയന്ത്രണത്തിന് ഇളവ് അനുവദിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന സൂചന.
ഓണം കൂടിയപ്പോൾ ഗജനാവിൽ നിന്നും ചിലവായ തുക 18000 കോടി രൂപയാണ്. ഇനി വരുന്ന മാസങ്ങൾ എങ്ങനെ കഴിഞ്ഞുകൂടുമെന്ന ആശങ്കയിലാണ് സർക്കാരും സംസ്ഥാനവും. വിവിധ ക്ഷേമനിധി ബോര്‍ഡുകളിൽ നിന്നുള്ള ധനസമാഹരണമാണ് ഇപ്പോൾ പരിഗണനയിലുള്ളത്. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയിൽ നിന്നും ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ നിന്നും അടിയന്തരമായി 2000 കോടി രൂപയെടുത്ത് ട്രഷറിയിലെത്തിക്കാനും തീരുമാനമായിട്ടുണ്ട്. സാങ്കേതിക തടസങ്ങൾ പരിഹരിച്ച ശേഷം ബവറേജസ് കോര്‍പറേഷനും സര്‍ക്കാരിന് പണം നൽകുമെന്നാണ് സൂചന.കൂടുതൽ ക്ഷേമനിധികളോട് പണം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ പല ക്ഷേമനിധികളും ഇപ്പോൾ പ്രതിസന്ധിയിലാണ് എന്നതും സാമ്പത്തിക സ്ഥിതിക്ക് തിരിച്ചടിയാകും.
വായ്പയായി എടുക്കുന്ന ഈ തുക മാർച്ച് 31ന് മുമ്പ് അടച്ചാൽ വായ്പയായി കേന്ദ്രം കണക്കാക്കില്ല. നികുതി വരുമാനത്തിൽ അടക്കം വരവു ചെലവുകളെല്ലാം വിലയിരുത്തിയായിരിക്കും ഇനി ബാക്കിയുള്ള തീരുമാനങ്ങൾ. നിലവിൽ അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ല് മാറാനാണ് ട്രഷറിയിൽ നിയന്ത്രണം. അത് പത്ത് ലക്ഷമെങ്കിലും ആക്കി ഉയര്‍ത്താൻ ഇനിയും കാത്തിരിക്കണം. ഓണച്ചെലവുകൾക്ക് പണം തികയ്ക്കാനായിട്ടാണ് ട്രഷറി ഇടപാടുകളുടെ പരിധി അഞ്ചുലക്ഷമാക്കി കുറച്ചത്.

