ജി 20 ഉച്ചകോടിക്ക് ശേഷം ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകും; പ്രധാനമന്ത്രി

ന്യൂഡൽഹി: ജി 20 ഉച്ചകോടിക്ക് ശേഷം ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഴിമതി, ജാതീയത, വർഗീയത എന്നിവയ്ക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ല. സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ വഴിയുള്ള മതമൗലികവാദ പ്രചാരണങ്ങളും ഗൗരവത്തോടെ കാണണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

തന്റെ ഒമ്പത് വർഷക്കാലമുള്ള സർക്കാരിന്റെ രാഷ്ട്രീയ സ്ഥിരതയുടെ സ്വാഭാവിക ഉപോൽപ്പന്നമാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച. 2047 ഓടെ ഇന്ത്യ വികസിത രാഷ്ട്രമാകും. അഴിമതി, ജാതീയത, വർഗീയത എന്നിവയ്ക്ക് നമ്മുടെ ദേശീയ ജീവിതത്തിൽ സ്ഥാനമില്ലെന്നും അദ്ദേഹം അറിയിച്ചു.

ചുരുങ്ങിയ കാലയളവിൽ തന്നെ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച ഇന്ത്യ ഉടൻ തന്നെ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഇടം നേടും. അടുത്ത ആയിരം വർഷത്തേക്ക് ഓർമ്മിക്കപ്പെടാവുന്ന വളർച്ചയ്ക്കുള്ള അടിത്തറയാണ് ഇന്ത്യയിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറുന്നു. ഏറെക്കാലം ഇന്ത്യയെ നൂറുകോടി വിശക്കുന്ന വയറുകളുടെ രാജ്യമായാണ് കണ്ടിരുന്നത്. എന്നാൽ, ഇന്ന് ഇന്ത്യ നൂറുകോടി പ്രതീക്ഷാഭരിത മനസ്സുകളുടെ രാജ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.