ബിജെപിക്കെതിരെ ആഞ്ഞടിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മതവികാരത്തെ ആളിക്കത്തിച്ച് ബിജെപി നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഭരണ പരാജയത്തെ മറയ്ക്കാൻ മതത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സനാതന ധർമ്മത്തിനെതിരായ തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിൻ വിമർശനം ഉയർത്തിയത് വിവാദമായിരുന്നു. അതിനുപിന്നാലെയാണ് സ്റ്റാലിന്റെ ആരോപണം. 2002 ൽ ഗുജറാത്തിൽ വിദ്വേഷവും വെറുപ്പും ബിജെപി വിതച്ചിരുന്നു. ഇപ്പോൾ ഹരിയനയിലും മണിപ്പൂരിലും അതേശ്രമമാണ് ബിജെപി നടത്തുന്നതെന്നും ഇതിന് ഇപ്പോൾ തടയിട്ടില്ലെങ്കിൽ ഇന്ത്യയെ രക്ഷിക്കാനാകില്ലെന്നും എം കെ സ്റ്റാലിൻ കൂട്ടിച്ചേർത്തു.
എന്നാൽ, സനാതന ധർമ്മത്തിനെതിരായ വിമർശനം ഇനിയും തുടരുമെന്ന് തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിനും വ്യക്തമാക്കി. വംശഹത്യക്ക് ആഹ്വാനം നൽകിയെന്ന ബിജെപി പ്രചാരണം ബാലിശമാണെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഇന്ത്യ മുന്നണിയെ ഭയക്കുന്നതു കാരണം വാക്കുകൾ വളച്ചൊടിക്കുന്നു. ഒരു ഗോത്രം, ഒരു ദൈവം എന്നതാണ് ഡിഎംകെ നയം എന്നും ഉദയനിധി വ്യക്തമാക്കി.
മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണ് സനാതന ധർമം എന്നതായിരുന്നു ഉദയനിധി സ്റ്റാലിൻറെ പ്രസംഗം. ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വനമാണ് എന്നാരോപിച്ചുകൊണ്ട് ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്നും ജാതിവ്യവസ്ഥയെ ആണ് എതിർക്കുന്നതെന്നും ഉദയനിധി പ്രതികരിച്ചു. ഹൈന്ദവ മഠങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സ്റ്റാലിൻ സർക്കാർ ശ്രമിച്ചു വരുന്നതിനിടയിലാണ് ഉദയനിധിയുടെ വാക്കുകൾ ബിജെപി ആയുധമാകുന്നത്.

