ജി20 ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വിട്ടു നിൽക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ജി20 ഉച്ചകോടിക്കെത്തുന്നതിൽ അനിശ്ചിതത്വം. ഉച്ചകോടിക്ക് പ്രധാനമന്ത്രി ലി ചിയാങിനെ നിയോഗിക്കാൻ ഷി ജിൻപിങ് ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇന്ത്യ ചൈന അതിർത്തി തർക്കം വീണ്ടും മുറുകുന്നതിനിടെയാണ് ഈ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.

അതേസമയം, ഉച്ചകോടി കഴിയും വരെ അതിർത്തി വിഷയത്തിൽ സംയമനം പാലിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും ജി20 ഉച്ചകോടിയിൽ പങ്കെടുക്കില്ല. ഇതിന് പിന്നാലെ ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റും പങ്കെടുക്കില്ലെന്ന തരത്തിൽ വാർത്ത പുറത്തു വന്നത്.

ഷി ജിൻപിങിനെ പ്രധാനമന്ത്രി മോദി ബ്രിക്‌സ് ഉച്ചകോടിക്കിടെ ജി 20 ഉച്ചകോടിയിലേക്ക് നേരിട്ട് ക്ഷണിച്ചിരുന്നു. ഷി ജിൻപിങ് വരും എന്ന് ചൈനീസ് ഉദ്യോഗസ്ഥർ ഇന്ത്യയെ അനൗദ്യോഗികമായി അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിനു ശേഷം ചൈന പ്രസിദ്ധീകരിച്ച ഭൂപടത്തിന്റെ പേരിൽ ഇരു രാജ്യങ്ങളും തമ്മിൽ തർക്കം ഉടലെടുത്തു.