അമിതാഭ് ബച്ചനെ സന്ദർശിച്ച് മമതാ ബാനർജി; ദുർഗാ പൂജയിൽ പങ്കെടുക്കാൻ ക്ഷണം

തിരുവനന്തപുരം: അമിതാഭ് ബച്ചനെ സന്ദർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അമിതാഭ് ബച്ചനെ ‘ഭാരത് രത്ന’ എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് മമത ബാനർജി. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുന്നണിയുടെ യോഗത്തിൽ പങ്കെടുക്കാൻ മുംബൈയിലെത്തിയപ്പോഴാണ് മമത ബാനർജി അമിതാഭ് ബച്ചനുമായി കൂടിക്കാഴ്ച്ച നടത്തിയത്.

രക്ഷാബന്ധനോടനുബന്ധിച്ച് ബച്ചന് മമതാ ബാനർജി രാഖി കെട്ടിനൽകുകയും ചെയ്തു. പിന്നീടാണ് ‘ഭാരത് രത്‌ന’ എന്ന് മമത ബാനർജി ബച്ചനെ സ്നേഹപൂർവ്വം വിശേഷിപ്പിച്ചത്. ജയ ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, മകൾ ആരാധ്യ ബച്ചൻ എന്നിവരും അമിതാഭ് ബച്ചനൊപ്പം ഉണ്ടായിരുന്നു.

ഇന്ത്യൻ സിനിമാ വ്യവസായത്തിന് ധാരാളം സംഭാവനകൾ നൽകിയവരാണ് ബച്ചൻ കുടുംബമെന്ന് മമതാ ബാനർജി അറിയിച്ചു. ദുർഗാ പൂജയിലും കൊൽക്കത്തയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലും പങ്കെടുക്കാൻ മമത ബാനർജി, അമിതാഭ് ബച്ചനെ ക്ഷണിക്കുകയും ചെയ്തു.