രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം നീരജ് ചോപ്ര. ഇപ്പോഴിതാ താരം ചെയ്ത ഒരു പ്രവർത്തിക്കൂടി അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തിനായി ആദ്യ സ്വര്‍ണമെന്ന നേട്ടം സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് നീരജ്. മെഡൽ നേടിയതിന് ശേഷം ഓട്ടോഗ്രാഫ് ചോദിച്ച് നീരജിനെ ഒരു ഹംഗറിയൻ വനിത സമീപിച്ചു. അവർ ഇന്ത്യൻ പതാകയിലാണ് ഓട്ടോഗ്രാഫ് ചോദിച്ചത്.
എന്നാൽ പതാകയിൽ ഔട്ടോഗ്രാഫ് നൽകാൻ നീരജ് വിസമ്മതിക്കുകയും പകരം അവരുടെ ടീ ഷർട്ടിന്റെ സ്ലീവില്‍ ഓട്ടോഗ്രാഫ് നൽകുകയും ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ സുബേദാര്‍ കൂടിയായ നീരജിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഒരു മാധ്യമ പ്രവർത്തകനാണ് ഈ സംഭവത്തിന്റെ ചിത്രം പകർത്തിയത്. അത് ഉടനടി സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഒളിംപിക്‌സിലും ലോക അത്‌ലറ്റിക്‌സിലും ഏഷ്യന്‍ ഗെയിംസിലും ഡയമണ്ട് ലീഗിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരൻ കൂടിയാണ് നീരജ് ചോപ്ര.

