ന്യൂഡൽഹി: നിലവിലുള്ള ഒരു സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കാൻ പാർലമെന്റിന് അധികാരമുണ്ടോ എന്ന ചോദ്യവുമായി സുപ്രീംകോടതി. ജമ്മുകശ്മീർ വിഭജനത്തിനെതിരായ ഹർജികൾ പരിഗണിക്കുന്ന ഭരണഘടന ബഞ്ച് ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം, ജമ്മുകശ്മീർ വിഭജിച്ചത് അസാധാരണ സാഹചര്യത്തിലാണെന്നും അതിർത്തി സംസ്ഥാനം എന്ന നിലയ്ക്കുള്ള വിഷയങ്ങളുണ്ടായിരുന്നുവെന്നുമാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
പഞ്ചാബിലും വടക്കുകിഴക്കൻ മേഖലയിലും സമാന സാഹചര്യം ഇല്ലേ എന്ന് ബഞ്ച് ചോദിച്ചു. ഇന്ത്യയുടെ ഭാഗമായ ഒരു സംസ്ഥാനത്തെ വിഭജിക്കുന്നതിനുള്ള അധികാരം ദുരുപയോഗം ചെയ്യില്ല എന്ന് എങ്ങനെ ഉറപ്പാക്കുമെന്ന ചോദ്യവും സുപ്രീം കോടതി മുന്നോട്ടുവെയ്ക്കുന്നുണ്ട്. ജമ്മുകശ്മീരിന് സംസ്ഥാന പദവി എപ്പോൾ നൽകാനാകുമെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

