ന്യൂ ഡൽഹി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് വക്കീൽ നോട്ടീസയച്ച് മാത്യു കുഴൽ നാടന്റെ നിയമ സ്ഥാപനം. നിയമ സ്ഥാപനത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥാപനത്തിനെ അപകീർത്തിപ്പെടുത്തിയതിൽ രണ്ടുകോടി 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. രോഹൻ തവാനിയെന്ന സുപ്രീംകോടതി അഭിഭാഷകനാണ് നിയമ സ്ഥാപനത്തിനുവേണ്ടി നോട്ടീസയച്ചത്.
കൊച്ചിയിൽ വെച്ച് ആഗസ്റ്റ് 15 ന് നടത്തിയ വാർത്താ സമ്മേളനത്തിൽ കെ എം എൻ പി ലോ എന്ന നിയമ സ്ഥാപനത്തിന് കൊച്ചി, ബംഗളൂരു, ഗുവാഹട്ടി, ദുബായ്, ന്യൂഡൽഹി എന്നിവിടങ്ങളിൽ ഓഫീസ് ഉണ്ടെന്ന് മോഹനൻ പറഞ്ഞിരുന്നു. ഈ ഓഫീസ് ഉപയോഗിച്ചാണ് കള്ളപ്പണം നടത്തുന്നതെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ആരോപിച്ചിരുന്നു. എന്നാൽ ദുബായിൽ തങ്ങൾക്ക് ഓഫീസ് ഇല്ലെന്നും കള്ളപ്പണം വെളുപ്പിക്കുന്നെന്ന് ആരോപിച്ചത് നിയമസ്ഥാപനത്തിന് മാന നഷ്ടം ഉണ്ടാക്കിയെന്നുമാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. അതിനാൽ സി എൻ മോഹനൻ മാപ്പ് പറയണമെന്നാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

