ന്യൂഡൽഹി: സ്ത്രീകളോടുള്ള വിവേചനം തുടർന്ന് താലിബാൻ. പഠിക്കാനായി ദുബായിലേക്ക് പോകാനൊരുങ്ങിയ അഫ്ഗാൻ പെൺകുട്ടികളുടെ യാത്ര താലിബാൻ തടഞ്ഞുവെന്ന വാർത്തകളാണ് പുറത്തു വരുന്നത്.
സ്ത്രീകൾക്ക് സർവകലാശാലയിൽ താലിബാൻ പ്രവേശനം നിഷേധിച്ചതോടെ, തന്റെ ആകെയുള്ള പ്രതീക്ഷ സ്‌കോളർഷിപ്പോടെ വിദേശത്ത് പഠിക്കുകയെന്നതായിരുന്നു എന്നും എന്നാൽ താലിബാൻ തടഞ്ഞതോടെ വിമാനത്താവളത്തിൽ നിന്ന് തിരികെ പോകേണ്ടി വന്നെന്നും വിദ്യാർത്ഥികളിലൊരാൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. സ്ത്രീകളെ താലിബാൻ ശക്തമായി അടിച്ചമർത്തുകയാണ് ചെയ്യുന്നതെന്നും വിദ്യാർത്ഥി പറഞ്ഞു.
നാത്കാ എന്ന യുവതിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. യുഎഇയിലെ യൂണിവേഴ്സിറ്റി ഓഫ് ദുബായിൽ നിന്ന് നാത്കായിക്ക് സ്‌കോളർഷിപ്പ് ലഭിച്ചിരുന്നു. ശതകോടീശ്വരനും വ്യവസായിയുമായ ഷെയ്ഖ് ഖലാഫ് അഹമ്മദ് അൽ ഹബ്തൂർ ഏർപ്പെടുത്തിയ സ്‌കോളർഷിപ്പ് ആണിത്. അഫ്ഗാനിസ്താനിൽ താലിബാൻ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് 2022 ഡിസംബറിലാണ് അഫ്ഗാനിലെ സ്ത്രീകൾക്കുവേണ്ടി ഈ സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയത്. അഫ്ഗാനിലെ 100-ൽ പരം വിദ്യാർഥിനികൾക്ക് ഈ സ്‌കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.

