ന്യൂഡൽഹി: ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരിച്ച് ചന്ദ്രയാൻ 3. റോവറിലെ ശാസ്ത്ര ഉപകരണമായ ലിബ്സ് ആണ് ഇക്കാര്യം കണ്ടെത്തിയത്. അലുമിനിയം, കാൽസ്യം, ക്രോമിയം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും ചന്ദ്രോപരിതലത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി സ്ഥിരീകരിക്കുന്നത്.
മൂലകങ്ങളുടെ സാന്നിധ്യം കാണിച്ചുള്ള ചിത്രങ്ങൾ എക്സ് പ്ലാറ്റ്ഫോമിലൂടെ ഐഎസ്ആർഒ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്രോയിലെ ഇലക്ട്രോ ഒപ്റ്റിക്സ് ലബോറട്ടറിയാണ് ലിബ്സ് എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്.
അതേസമയം, കഴിഞ്ഞ ദിവസം ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു. ചന്ദ്രനിലെ മണ്ണിന്റെ താപസ്വഭാവം പഠിക്കുന്ന ചാസ്തേയിൽ നിന്നുള്ള വിവരങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. ചന്ദ്രന്റെ മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങൾ. ഇതാദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മണ്ണിന്റെ താപനില അളക്കപ്പെടുന്നത്.

